ബ്രിജ് ഭൂഷണെതിരേ സാക്ഷിമൊഴികളും
Sunday, June 4, 2023 12:17 AM IST
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ശരണ് സിംഗിനെതിരേ വനിതാ താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ സ്ഥിരീകരിച്ച് സാക്ഷിമൊഴികൾ.
മുൻ ഒളിന്പ്യൻ, കോമണ്വെൽത്ത് സ്വർണമെഡൽ ജേതാക്കളായ രണ്ട് ഗുസ്തി താരങ്ങൾ, ഒരു അന്താരാഷ്ട്ര റഫറി, ഒരു സംസ്ഥാനതല പരിശീലകൻ എന്നിവരാണ് ഡബ്ല്യുഎഫ്ഐ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ ശരിവച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മൊഴി രേഖപ്പെടുത്തിയ 125 സാക്ഷികളിൽ ഉൾപ്പെട്ടവരാണ് ഈ നാലുപേർ. നാല് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് സാക്ഷിപ്പട്ടികയിലുള്ള 125 പേർ.
ബ്രിജ്ഭൂഷണ് സിംഗ് ലൈംഗികമായി ഉപദ്രവിച്ച കാര്യം സംഭവം നടന്ന് ഒരുമാസത്തിനു ശേഷം പരാതിക്കാരി തങ്ങളെ അറിയിച്ചെന്നാണ് രണ്ട് വനിതാ ഗുസ്തി താരങ്ങൾ നൽകിയ മൊഴിയിലുള്ളത്.
സ്വദേശത്തും വിദേശത്തും ടൂർണമെന്റുകൾക്കായി പോകുന്പോൾ വനിതാ ഗുസ്തി താരങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നാണ് ദേശീയ-അന്തർദേശീയ തലത്തിൽ പ്രശസ്തനായ റഫറി ഡൽഹി പോലീസിന് നൽകിയ മൊഴി. ഏപ്രിൽ 28നാണ് ബ്രിജ് ഭൂഷണെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.