സ്ത്രീപീഡന കേസിൽ ഇരയുടെ ജാതകം പരിശോധിക്കണമെന്ന്; അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി
Sunday, June 4, 2023 12:17 AM IST
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയുടെ ജാമ്യാപേക്ഷയിൽ ഇരയുടെ ജാതകം പരിശോധിക്കാൻ നിർദേശം നൽകിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റീസുമാരായ സുധാൻശു ധുലിയ, പങ്കജ് മിത്തൽ എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് പ്രത്യേക സിറ്റിംഗ് ചേർന്നാണ് സ്വമേധയാ കേസ് പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്.
ചൊവ്വാദോഷമുള്ള യുവതിയെ വിവാഹം കഴിക്കാനാകില്ലെന്നായിരുന്നു കേസിൽ പ്രതിയായ യുവാവിന്റെ വാദം. ഇയാൾ നൽകിയ ജാമ്യാപേക്ഷയിൽ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റീസ് ബ്രിജ് രാജ് സിംഗാണ് യുവാവിന്റെ വാദം കണക്കിലെടുത്ത് യുവതിയുടെ ജാതകം പരിശോധിക്കാൻ ലക്നൗ സർവകലാശാലയിലെ ആസ്ട്രോളജി വിഭാഗം മേധാവിയോട് നിർദേശിച്ചത്.
സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് ഇന്നലെ പരിഗണിച്ചപ്പോൾ അലാഹാബാദ് ഹൈക്കോടതിയുടെ വിധി കണ്ടിരുന്നുവോയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. ഉത്തരവ് കണ്ടു എന്നും വളരെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും അത് സ്റ്റേ ചെയ്യേണ്ടതുതന്നെയാണെന്നും സോളിസിറ്റർ ജനറൽ മറുപടി നൽകി.
എന്നാൽ, ജ്യോതിശാസ്ത്രം സർവകലാശാലയിലെ പാഠ്യവിഷയമാണെന്നും കോടതിക്ക് കേസുകളിൽ വിദഗ്ധരുടെ അഭിപ്രായം തേടാവുന്നതാണെന്നുമായിരുന്നു പ്രതിയുടെ അഭിഭാഷകന്റെ വാദം. കക്ഷികളുടെ അനുമതിയോടെയാണ് കോടതി ജാതകം പരിശോധിക്കാൻ നിർദേശിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, യുവതിയുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണിതെന്ന് ജസ്റ്റീസ് സുധാൻശു ധുലിയ ചൂണ്ടിക്കാട്ടി. ജ്യോതിശാസ്ത്രത്തിന് ഈ വിഷയത്തിൽ എന്തുപങ്കുണ്ടെന്നത് കോടതി ചർച്ച ചെയ്യുന്നില്ല. കേസിന് ആസ്പദമായ മറ്റു വിഷയങ്ങളാണ് കോടതി പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കേസിൽ ജ്യോതിശാസ്ത്രം ഒരു മുഖ്യവിഷയമായി മാറിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റീസ് പങ്കജ് മിത്തലും പറഞ്ഞു. കേസിന്റെ മെരിറ്റിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിക്ക് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നൽകിയ പ്രതി താനുമായി പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് യുവതിയുടെ പരാതി.
എന്നാൽ, യുവതിക്ക് ജാതക ദോഷമുള്ളതുകൊണ്ടാണ് വിവാഹം ചെയ്യാൻ സാധിക്കാത്തതെന്നായിരുന്നു യുവാവിന്റെ വാദം.
പക്ഷേ, അത്തരത്തിലുള്ള ഒരുവിധ കുഴപ്പങ്ങളുമില്ലെന്നാണ് യുവതിയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചത്. ഈ സാഹചര്യത്തിലാണ് യുവതിക്ക് ജാതകദോഷമുണ്ടോ എന്നു പരിശോധിക്കാൻ ഹൈക്കോടതി ലക്നൗ സർവകലാശാലയിലെ ആസ്ട്രോളജി വിഭാഗം മേധാവിയോട് നിർദേശിച്ചത്. ഇരുവരോടും തങ്ങളുടെ ജാതകം പത്തു ദിവസത്തിനുള്ളിൽ സർവകലാശാലയിൽ എത്തിക്കാനും നിർദേശം നൽകിയിരുന്നു.