മഹാരാഷ്ട്രയിലെ ഏക കോൺഗ്രസ് എംപി അന്തരിച്ചു
Wednesday, May 31, 2023 1:30 AM IST
ന്യൂഡൽഹി/മുംബൈ: മഹാരാഷ്ട്രയിലെ ഏക കോൺഗ്രസ് എംപി ബാലുഭാനു നാരായൺറാവു ധനോർക്കർ (47) അന്തരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചന്ദ്രാപുർ ലോക്സഭാ മണ്ഡലത്തെയാണു സുരേഷ് എന്നറിയപ്പെടുന്ന ബാലു ധനോർക്കർ പ്രതിനിധീകരിക്കുന്നത്. മഹാരാഷ്ട്ര എംഎൽഎയായ പ്രതിഭയാണു ഭാര്യ.
വൃക്കയിലെ കല്ലു നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഈയിടെ ബാലു വിധേയനായിരുന്നു. ശസ്ത്രക്രിയയെത്തുടർന്നുണ്ടായ പ്രശ്നങ്ങൾമൂലമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലുവിന്റെ എൺപതുകാരനായ പിതാവ് നാരായൺ ധനോർക്കർ ശനിയാഴ്ചയാണ് അന്തരിച്ചത്.
ശിവസേന പ്രവർത്തകനായി രാഷ്ട്രീയജീവിതം ആരംഭിച്ച ബാലു ധനോർക്കർ 2014ൽ മഹാരാഷ്ട്ര എംഎൽഎയായി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കോൺഗ്രസിൽ ചേർന്നു. കേന്ദ്രമന്ത്രി ഹൻസ്രാജ് അഹിറിനെയാണു ബാലു ധനോർക്കർ പരാജയപ്പെടുത്തിയത്.