വിജയക്കുതിപ്പിൽ എൻവിഎസ് 01; വിക്ഷേപണം വിജയം
Tuesday, May 30, 2023 1:43 AM IST
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്നലെ രാവിലെ 10.42നാണ് ജിഎസ്എൽവി റോക്കറ്റിൽ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിച്ചത്. പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുള്ളിൽ 251 കിലോമീറ്റർ ഉയരത്തിൽ വച്ച് റോക്കറ്റ് ജിയോ സിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ ഉപഗ്രഹത്തെ വിന്യസിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
2232 കിലോഗ്രാം ഭാരമാണു നാവിക് ഉപഗ്രഹത്തിനുള്ളത്. ഇന്ത്യയിലെ പ്രദേശങ്ങളും ഇന്ത്യൻ അതിർത്തിക്കപ്പുറത്തു വരുന്ന 1,500 കിലോമീറ്റർ വരെയുള്ള പ്രദേശവും ഈ നെറ്റ്വർക്കിൽ ഉൾപ്പെടുന്നു. ദുരന്തനിവാരണം, സൈനികാവശ്യങ്ങൾ, സമുദ്രഗതാഗതം, വ്യോമ ഗതാഗതം, ഭൂപട നിർമാണം, റിസോർസ് മോണിറ്ററിംഗ്, ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ, ശാസ്ത്രീയ ഗവേഷണം, കൃഷി, മൊബൈൽ ഉപകരണങ്ങളിലെ ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ, മറൈൻ ഫിഷറീസ് തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് നാവിക് ഉപയോഗിക്കാം. മെച്ചപ്പെട്ട ഗതിനിർണയം ഉൾപ്പെടെ രാജ്യത്തെ സിവിൽ ഏവിയേഷൻ മേഖലയിൽ വർധിച്ചുവരുന്ന ആവശ്യകതകൾ കണക്കിലെടുത്താണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
ഇന്ത്യതന്നെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്ലോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. 1999ൽ കാർഗിൽ യുദ്ധസമയത്ത് ജിപിഎസ് വിവരങ്ങൾ ഇന്ത്യക്കു നൽകാൻ യുഎസ് വിസമ്മതിച്ചതിന് പിന്നാലെയാണു നാവിക് സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ ഐഎസ്ആർഒ ആരംഭിച്ചത്. 2006ലാണു പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
നാവിക് പദ്ധതിയിൽ ഒന്പത് ഉപഗ്രഹ വിക്ഷേപണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും 7 ഉപഗ്രഹങ്ങളാണു പ്രവർത്തനക്ഷമമായി നിലവിലുള്ളത്. ഐആർഎൻഎസ്1എ, ഐആർഎൻഎസ്എസ് 1ബി , ഐആർഎൻഎസ്എസ് 1സി, ഐആർഎൻഎസ്എസ് 1ഡി, ഐആർഎൻഎസ്എസ് 1ഇ, ഐആർഎൻഎസ്എസ് 1എഫ്, ഐആർഎൻഎസ്എസ് 1ജി, ഐആർഎൻഎസ്എസ് 1എച്ച്, ഐആർഎൻഎസ്എസ് 1ഐ എന്നിവയാണ് ഇന്ത്യ വിക്ഷേപിച്ച നാവിഗേഷൻ ഉപഗ്രഹങ്ങൾ. ഈ ദൗത്യങ്ങളിൽ, ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയാത്തതിനാൽ ഐആർഎൻഎസ്എസ്1ഒ വിജയിച്ചില്ല.