പാർലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് കോണ്ഗ്രസ്
സ്വന്തം ലേഖകൻ
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. ബിജെപിയുടെ പാർട്ടി ഓഫീസല്ല, രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണു ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്.
ഗോത്രവനിതയായ രാഷ്ട്രപതിയെ ചടങ്ങിൽനിന്നു മാറ്റിനിർത്തി. ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിനംതന്നെ തെറ്റാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. അംബേദ്കറുടെയോ മഹാത്മാഗാന്ധിയുടെയോ ഓർമദിനങ്ങൾ തെരഞ്ഞെടുക്കാതെ സവർക്കറുടെ ജന്മദിനം ഉദ്ഘാടനത്തിനു തെരഞ്ഞെടുത്തതിൽ വർഗീയ അജൻഡയുണ്ട്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളോടു ബിജെപിക്ക് ബഹുമാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.