ഗുസ്തിതാരങ്ങളുടെ പരാതി ഗുരുതരമെന്നു ഡൽഹി പോലീസ്
Sunday, May 28, 2023 3:00 AM IST
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെതിരേയുള്ള ഗുസ്തിതാരങ്ങളുടെ പരാതി ഗുരുതരമെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ അന്വേഷണറിപ്പോർട്ട് സമർപ്പിച്ച് ഡൽഹി പോലീസ്.
പരാതിക്കാരുടെ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോർട്ട് മുദ്രവച്ച കവറിലാണു പോലീസ് കോടതിയിൽ കൈമാറിയത്.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ഗുസ്തിതാരങ്ങൾക്ക് നൽകണമെന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂണ് 27ന് കോടതി വീണ്ടും പരിഗണിക്കും.