"ഒന്പതു വർഷം ഒന്പതു ചോദ്യങ്ങൾ’കാന്പയിനുമായി കോണ്ഗ്രസ്
Saturday, May 27, 2023 1:05 AM IST
ന്യൂഡൽഹി: മോദി സർക്കാരിന്റെ ഒന്പതാം വാർഷികത്തിൽ ഒന്പത് ചോദ്യങ്ങളുമായി കോണ്ഗ്രസ്. സാന്പത്തികം, അഴിമതി, കോവിഡ്, സാമൂഹ്യനീതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ "ഒന്പത് വർഷം ഒന്പത് ചോദ്യങ്ങൾ’ (9 സാൽ 9 സവാൽ) എന്നപേരിലാണു ചോദ്യങ്ങളുടെ പട്ടിക കോണ്ഗ്രസ് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്.
സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ടു ബിജെപിയുടെ ആഘോഷം ആരംഭിക്കുന്നതിനുമുന്പായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്പതു ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ നേതൃത്വത്തിലാണ് ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
സാന്പത്തികം, കൃഷിയും കർഷകരും, അഴിമതിയും ചങ്ങാത്തവും, ചൈനയും ദേശീയ സുരക്ഷയും, സാമൂഹിക സൗഹാർദം, സാമൂഹിക നീതി, ജനാധിപത്യവും ഫെഡറലിസവും, ക്ഷേമപദ്ധതികൾ, കോവിഡ് എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ചോദ്യങ്ങൾ.