കുനോ ദേശീയ ഉദ്യാനത്തിൽ രണ്ട് ചീറ്റ കുഞ്ഞുങ്ങൾകൂടി ചത്തു
Friday, May 26, 2023 12:59 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ രണ്ടുമാസം മുന്പ് പിറന്ന രണ്ട് ചിറ്റ കുഞ്ഞുങ്ങൾകൂടി ചത്തു. ഇതോടെ മൂന്നുദിവസത്തിനിടെ ദേശീയപാർക്കിൽ ചത്ത ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി.
മേയ് 23ന് ഉച്ചകഴിഞ്ഞാണ് രണ്ടു കുഞ്ഞുങ്ങൾ ചത്തത്. എന്നാൽ വിവരം വനംവകുപ്പ് അധികൃതർ മറച്ചുവയ്ക്കുകയായിരുന്നു. ദേശീയ ഉദ്യാനത്തിലെ 47 ഡിഗ്രി സെൽഷസ് താപനില ചീറ്റ കുഞ്ഞുങ്ങൾക്ക് താങ്ങാനാവില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം, കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ആഫ്രിക്കയിലെ സാംബിയയിൽനിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊണ്ടുവന്ന ജ്വാല എന്ന ചീറ്റയുടെ കുഞ്ഞുങ്ങളാണ് ചത്തത്. കഴിഞ്ഞ മാർച്ചിലാണ് ജ്വാല നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇനി ഒരു കുഞ്ഞുകൂടി ദേശീയോദ്യാനത്തിലുണ്ട്. ആരോഗ്യനില സാധാരണമാണെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലാണിത്.