ഒറ്റക്കെട്ടായി പ്രതിപക്ഷം
Tuesday, March 28, 2023 1:15 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം ഹൈബി ഈഡനും ടി.എൻ. പ്രതാപനും ഇന്നലെ ലോക്സഭയിൽ കീറിയെറിഞ്ഞു. കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ പ്രതിപക്ഷ എംപിമാർ പ്ലക്കാർഡുകളും കടലാസുകളും സ്പീക്കർക്കു നേരേയും സഭയിലും കീറിയെറിഞ്ഞതോടെ ഇന്നലെ രാവിലെ ഒരു മിനിറ്റുപോലും തികയ്ക്കാതെ ലോക്സഭ പിരിഞ്ഞു.
രാജ്യസഭ ഉച്ചകഴിഞ്ഞ് രണ്ടിനും ലോക്സഭ വൈകുന്നേരം നാലിനും ചേർന്നു പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ തിരക്കിട്ടു ധനബില്ലുകൾ പാസാക്കി പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ “മോദി-അദാനി ഭായ്, ഭായ്'' മുദ്രാവാക്യങ്ങൾക്കിടയിൽ ധനമന്ത്രി നിർമല സീതാരാമൻ അംഗീകരിച്ച 45 ഭേദഗതികളോടെയാണു 2023ലെ ധനബിൽ പാസാക്കിയത്.
ചർച്ച കൂടാതെ അത്യാവശ്യ ബില്ലുകൾകൂടി പാസാക്കിയശേഷം പാർലമെന്റിന്റെ ഇരുസഭകളും വെട്ടിച്ചുരുക്കി ഇന്ന് അനിശ്ചിതകാലത്തേക്കു പിരിയാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഏപ്രിൽ ഏഴുവരെ സമ്മേളനം ചേരാനായിരുന്നു മുൻ തീരുമാനം. പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി പ്രതിഷേധം കടുപ്പിച്ചതോടെ സർക്കാർ വെട്ടിലായിരുന്നു.
ഇന്നലെ ലോക്സഭയിൽ ചട്ടലംഘനത്തിനു നേതൃത്വം നൽകിയ ഹൈബി, പ്രതാപൻ എന്നിവരെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ആലോചിച്ചെങ്കിലും വൈകുന്നേരം ലോക്സഭ വീണ്ടും സമ്മേളിച്ചപ്പോൾ അത്തരമൊരു പ്രമേയം അവതരിപ്പിച്ചില്ല. ഏതെങ്കിലും അംഗങ്ങളെ സസ്പെൻഡ് ചെയ്യണമെങ്കിൽ ഇതുസംബന്ധിച്ച പ്രമേയം സഭ പാസാക്കണമെന്നതാണു ചട്ടം. ഇതനുസരിച്ച് ഇന്നു രാവിലെ പ്രമേയം അവതരിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിലേക്കായിരിക്കും സസ്പെൻഡ് ചെയ്യുക.
അദാനി പ്രശ്നത്തിലെ ജെപിസി ആവശ്യത്തിനു പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്നു തിടുക്കത്തിൽ അയോഗ്യനാക്കിയതിനെതിരേ പ്രതിപക്ഷ പാർട്ടികളെല്ലാം യോജിച്ച പ്രതിഷേധം തുടങ്ങിയതു കേന്ദ്രസർക്കാരിനെ വെട്ടിലാക്കി. അദാനി വിഷയത്തിൽ പ്രധാനമന്ത്രി എന്തിനാണു ജെപിസിയെ ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കറുപ്പണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലുമെത്തിയത്. സോണിയാഗാന്ധി അടക്കമുള്ളവർ രാവിലെതന്നെ സഭയിലെത്തി. രാഹുലിനെ അയോഗ്യനാക്കി പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ അനുവദിക്കില്ലെന്നു രാജ്യസഭയിൽ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അദാനിപ്രശ്നത്തിൽ ജെപിസി അന്വേഷണത്തെയും രാഹുൽ ഗാന്ധിയെയും മോദിസർക്കാർ ഭയക്കുകയാണന്ന് അദ്ദേഹം ആക്ഷേപിച്ചു.
നിയമവിരുദ്ധമായി വൻതോതിൽ പണം സന്പാദിച്ച അദാനിക്കെതിരേ ജെപിസി അന്വേഷണം കൂടിയേ തീരൂ. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാക്കളെല്ലാം വ്യക്തമാക്കി.
ലോക്സഭയും രാജ്യസഭയും രാവിലെ ചേർന്നയുടൻ പ്രതിപക്ഷ പ്രതിഷേധത്തിൽ പിരിയുകയായിരുന്നു. രാജ്യസഭ ഉച്ചകഴിഞ്ഞ് രണ്ടുവരെയും ലോക്സഭ വൈകുന്നേരം നാലു വരെയുമാണു പിരിഞ്ഞത്. ""മോദി- അദാനി ഷെയിം'' വിളികളിൽ മറ്റു നടപടികളെല്ലാം റദ്ദാക്കി.
സഭ പിരിഞ്ഞയുടൻ സോണിയാ ഗാന്ധിയുടെയും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി. തുടർന്ന് ഖാർഗെയുടെ നേതൃത്വത്തിൽ പാർലമെന്റിൽനിന്നു വിജയ് ചൗക്കിലേക്ക് എംപിമാർ പ്രതിഷേധ മാർച്ചും നടത്തി.
സ്തംഭനം മൂന്നാം ആഴ്ച
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം കഴിഞ്ഞ 13ന് ആരംഭിച്ചതു മുതൽ മൂന്നാം ആഴ്ചയിലും സ്തംഭനം തുടരുകയാണ്. അദാനി- ഹിൻഡൻബർഗ് വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷവും ജനാധിപത്യം ഭീഷണിയിലാണെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിൽ മാപ്പ് ആവശ്യപ്പെട്ടു ഭരണപക്ഷവും ആദ്യ രണ്ടാഴ്ച സഭ സ്തംഭിപ്പിച്ചു. രാഹുലിനെ അയോഗ്യനാക്കിയതോടെ പ്രതിപക്ഷം ഒത്തൊരുമിച്ച് പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.
മന്ത്രിമാരുമായി മോദിയുടെ ചർച്ച
രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതിനെത്തുടർന്നു പ്രതിപക്ഷം ഒറ്റക്കെട്ടായി സർക്കാരിനെതിരേ തിരിഞ്ഞ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന മന്ത്രിമാരുമായി ചർച്ച നടത്തി.
ഇന്നലെ രാവിലെ സഭാ നടപടികൾ തുടങ്ങുന്നതിനു തൊട്ടുമുന്പായി പാർലമെന്റിലെ ഓഫീസിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, നിർമല സീതാരാമൻ, കിരണ് റിജിജു, പ്രഹ്ലാദ് ജോഷി, അനുരാഗ് താക്കൂർ തുടങ്ങിയവർ പങ്കെടുത്തു. ധനബിൽ പാസാക്കുന്നതിനായി രാജ്യസഭയിൽ ഉച്ചകഴിഞ്ഞ് ഹാജരാകണമെന്നാവശ്യപ്പെട്ടു ബിജെപി എംപിമാർക്ക് ഇന്നലെ വിപ്പ് നൽകിയിരുന്നു.