പ്രതിഷേധം കടുക്കുമെന്ന് കെ.സി. വേണുഗോപാൽ
സ്വന്തം ലേഖകൻ
Monday, March 27, 2023 12:43 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെ ആരംഭിച്ച കോണ്‍ഗ്രസിന്റെ സത്യഗ്രഹസമരം വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കമാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വരുംദിവസങ്ങളിൽ പാർലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽഗാന്ധിയുടെ സഭാംഗത്വം മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഇന്നലെ സത്യഗ്രഹം സംഘടിപ്പിച്ചു.
അഹമ്മദാബാദിലെ ലാൽ ദർവാസയിൽ പ്രതിഷേധിക്കാനെത്തിയ ഗുജറാത്ത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ ജഗദീഷ് താഹോർ, പ്രതിപക്ഷ നേതാവ് അമിത് ചാവ്ദ, പാർട്ടി നേതാവ് ഭരത് സിംഗ് സോളങ്കി എന്നിവരെ പോലീസ് തടഞ്ഞുവച്ചു. രാജസ്ഥാനിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര, മന്ത്രി പ്രതാപ് സിംഗ് ഖച്ചരിയവാസ്, മറ്റു നേതാക്കൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.