കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തൽ കുഴഞ്ഞുമറിഞ്ഞ്
Wednesday, September 28, 2022 1:48 AM IST
സെബി മാത്യു
ന്യൂഡൽഹി: പാർട്ടിഅധ്യക്ഷ പദവിയെയും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനത്തെയും ചൊല്ലി തർക്കങ്ങളും ആശങ്കകളും തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തി. പാർട്ടി ഹൈക്കമാൻഡ് തീരുമാനങ്ങളെ വെല്ലുവിളിച്ചിട്ടില്ലെന്നാണ് ഫോണ് സംഭാഷണത്തിൽ അദ്ദേഹം സോണിയയോടു വിശദീകരിച്ചത്.
രാജസ്ഥാനിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും ഇന്നലെ സോണിയയ്ക്കു നൽകിയിട്ടുണ്ട്.
ഒൻപതു പേജുള്ള റിപ്പോർട്ടിൽ ഗെഹ്ലോട്ടിനെ നേരിട്ടു പഴിചാരിയിട്ടില്ല. ഗെഹ്ലോട്ട് പക്ഷത്തെ പ്രമുഖരായ സംസ്ഥാന കോണ്ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ്, ശാന്തി ധരിവാൾ എന്നിവർക്കെതിരേ അച്ചടക്ക നടപടി എടുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. എംഎൽഎമാരുടെ ബദൽ യോഗം വിളിച്ചതിനും പ്രമേയം പാസാക്കിയതിനുമാണ് നടപടി.
അതിനിടെ, അധ്യക്ഷപദവിയിലേക്ക് ഇനിയാരെന്ന ചോദ്യം ബാക്കിനിൽക്കേ കൂടുതൽ ചർച്ചകൾക്കായി സോണിയ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ ഇന്നലെ ഡൽഹിക്കു വിളിപ്പിച്ചു. ആന്റണിയുമായി സോണിയ ഇന്നു കൂടിക്കാഴ്ച നടത്തും.
രാജസ്ഥാൻ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചിരിക്കെ സച്ചിൻ പൈലറ്റും ഇന്നലെ ഡൽഹിയിലെത്തിയിട്ടുണ്ട്. ആരോഗ്യകാരണങ്ങളാൽ സജീവരാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുന്ന താൻ ഒരു കാരണവശാലും കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എ.കെ. ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.
രാജസ്ഥാനിലെ പ്രശ്നപരിഹാരത്തിനായി മുതിർന്ന നേതാക്കളായ ആനന്ദ് ശർമയും അംബിക സോണിയും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗെഹ്ലോട്ടുമായി സംസാരിച്ചിരുന്നു. ഗെഹ്ലോട്ടും ഉടൻ സോണിയയുമായി കൂടിക്കാഴ്ച നടത്തും.
നിലവിൽ മത്സരിക്കാൻ ശശി തരൂരും പവൻകുമാർ ബൻസലും മാത്രമാണ് പത്രിക വാങ്ങിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് പത്രിക സമർപ്പിക്കുമെന്നാണ് ശശി തരൂർ അറിയിച്ചിരിക്കുന്നത്. തരൂരിന് പതിനൊന്ന് സംസ്ഥാനങ്ങളിൽനിന്നുള്ള 40 പ്രതിനിധികളുടെ പിന്തുണയുണ്ടെന്നും പത്രിക സമർപ്പിക്കുന്പോൾ ഇനി 40 പേരുടെകൂടി പിന്തുണ ലഭിക്കുമെന്നുമാണ് അദ്ദേഹത്തോട് അടുത്ത ആളുകൾ പറയുന്നത്.
പത്രിക വാങ്ങിയെങ്കിലും താൻ മത്സരിക്കാനില്ലെന്നാണ് ബൻസൽ പറഞ്ഞിരിക്കുന്നത്. മറ്റൊരു സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ് രണ്ടു സെറ്റ് പത്രികകൾ വാങ്ങിയതെന്നു പറഞ്ഞെങ്കിലും സ്ഥാനാർഥിയാരെന്നു വെളിപ്പെടുത്തിയില്ല. താൻ വാങ്ങിയ പത്രികകൾ പിന്തുണച്ച് ഒപ്പു വച്ചു ചണ്ഡീഗഡ് കോണ്ഗ്രസ് പ്രസിഡന്റ് ഹർമോഹീന്ദർ സിംഗ് ലക്കിക്ക് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഇന്നു പത്രിക നൽകുമെന്ന് പ്രഖ്യാപിച്ച അശോക് ഗെഹ്ലോട്ട് ഡൽഹിയിൽ എത്തുന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഹൈക്കമാൻഡിനെ ധിക്കരിക്കില്ല
പാർലമെന്ററി പാർട്ടി യോഗം വിളിച്ചതിനിടെ ജയ്പൂരിൽ ഗെഹ്ലോട്ട് പക്ഷം എംഎൽഎമാരുടെ ബദൽ യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ, യോഗം വിളിക്കാൻ ഗെഹ്ലോട്ട് നിർദേശിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് ഇന്നലെ വ്യക്തമാക്കിയത്.
തങ്ങൾ ഗാന്ധികുടുംബത്തിലെ ഒരു അംഗത്തിനുപോലും എതിരല്ലെന്ന് ഗെഹ്ലോട്ട് പക്ഷത്തെ പ്രമുഖനായ പ്രതാപ് സിംഗ് ഖച്ചരിയവാസ് പറഞ്ഞു. എംഎൽഎമാർ പാർട്ടി നേതൃത്വവുമായി ഒറ്റയ്ക്കൊറ്റയ്ക്കു ചർച്ചയ്ക്കു തയാറാണ്. സോണിയ ഗാന്ധി എല്ലാ കോണ്ഗ്രസ് പ്രവർത്തകർക്കും അമ്മയെപ്പോലെയാണ്.
എംഎഎൽമാർ പ്രത്യേകം യോഗം ചേർന്നത് ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് രാജസ്ഥാനിലെ കോണ്ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞത്.
അതേസമയം, രാജസ്ഥാനിൽ ബദൽ നീക്കം നടത്തിയ ഗെഹ്ലോട്ട് പക്ഷത്തെ പ്രമുഖ നേതാക്കൾക്കെതിരേ പാർട്ടി അച്ചടക്കനടപടി എടുത്തേക്കും. രാജസ്ഥാനിലെ കാബിനറ്റ് മന്ത്രിമാർ ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു.
ഗെഹ്ലോട്ട് പക്ഷക്കാർക്കു നോട്ടീസ്
ന്യൂഡൽഹി: രാജസ്ഥാനിൻ ഹൈക്കമാൻഡ് താത്പര്യം അട്ടിമറിച്ച് വിമതനീക്കത്തിനു ചുക്കാൻപിടിച്ച അശോക് ഗെഹ്ലോട്ട് പക്ഷക്കാരായ മൂന്നു കോണ്ഗ്രസ് നേതാക്കൾക്കു ഹൈക്കമാൻഡ് കാരണംകാണിക്കൽ നോട്ടീസ് നല്കി. മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, ആർടിഡിസി ചെയർമാൻ ധർമേന്ദ്ര റാത്തോഡ് എംഎൽഎ എന്നിവർ പത്തു ദിവസത്തിനകം മറുപടി നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.