ക്ഷേത്രനിര്‍മാണ തര്‍ക്കം: യുവതിയുള്‍പ്പെടെ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു
Tuesday, September 27, 2022 1:14 AM IST
തുംകൂരു(കർണാടക): ഗണേശക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവതിയുള്‍പ്പെടെ രണ്ടുപേര്‍ വെട്ടേറ്റുമരിച്ചു. തുംകൂരു മിദിഗേശി ഗ്രാമവാസികളായ ശില്പ (38), ബന്ധു രാമാഞ്ജനപ്പ (45) എന്നിവരാണു മരിച്ചത്.
രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘം വീടിനു മുന്നില്‍വച്ച് ഇവരെ വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നുവെന്ന് പറയുന്നു. ഗണേശക്ഷേത്രം നിര്‍മിക്കാനായി ഉദ്ദേശിച്ച സ്ഥലത്തെച്ചൊല്ലി ശില്പയും ശ്രീധര്‍ ഗുപ്തയെന്ന വ്യക്തി യുമായി കോടതിയിൽ കേസ് നടന്നിരുന്നു.
ക്ഷേത്രം നിര്‍മിക്കാനായി വിട്ടുനല്‍കിയ സ്ഥലത്തിനുമേല്‍ അവകാശവാദം ഉന്നയിച്ച് ശ്രീധര്‍ ഗുപ്ത രംഗത്തെത്തിയതോടെയാണു തര്‍ക്കമുണ്ടായത്. രണ്ടുമാസം മുമ്പ് ശില്പയുടെ ഹര്‍ജി അംഗീകരിച്ച കോടതി ഈ അവകാശവാദം തള്ളിയിരുന്നു.
ഇതോടെ പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇവിടെ ക്ഷേത്രനിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു.പിന്നാലെയാണ് ശില്പ ആക്ര മിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീധര്‍ ഗുപ്തയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.