ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്കു പശുവിന്റെ ചവിട്ടേറ്റു
Sunday, August 14, 2022 1:05 AM IST
മെഹ്സാന: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ഹർ ഘർ തിരംഗ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് തെരുവുപശുവിന്റെ തൊഴിയേറ്റു.
ഇടതുകാലിനു ചെറിയ പൊട്ടലുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് നിതിൻ പട്ടേൽ പറഞ്ഞു. 20 ദിവസം വിശ്രമിക്കാൻ വേണ്ടി ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബിജെപി സംസ്ഥാനഘടകം മെഹ്സാനയിലെ കാദിയിൽ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് അനിഷ്ടസംഭവമുണ്ടായത്. രണ്ടായിരത്തിലേറെ ആളുകൾ റാലിയായി പച്ചക്കറി മാർക്കറ്റിലെത്തിയപ്പോൾ പശു ജനക്കൂട്ടത്തിനുനേരേ പാഞ്ഞടുക്കുകയായിരുന്നു.
ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ഉടൻ പ്രഥമ ശുശ്രൂഷ നൽകി ഇവരെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വിജയ് രൂപാനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന നിതിൻ പട്ടേൽ ആരോഗ്യവകുപ്പും കൈകാര്യംചെയ്തിരുന്നു.