ചൈനീസ് ചാരക്കപ്പൽ നാളെ ലങ്കയിലെത്തും
Wednesday, August 10, 2022 1:13 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് യാത്ര നീട്ടിവയ്ക്കണമെന്ന ശ്രീലങ്കയുടെ അഭ്യർഥന മറികടന്ന് ചൈനീസ് ചാരക്കപ്പൽ ഹന്പൻതോട്ട തുറമുഖം ലക്ഷ്യമിട്ട് യാത്ര തുടരുന്നു. 23,0000 ടൺ കേവുഭാരമുള്ള യുവാൻ വാങ് 5 എന്ന ചൈനീസ് ചാരക്കപ്പൽ ഇന്നലെ ഉച്ചയ്ക്ക് പത്തുമണിയോടെ ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ തീരം പിന്നിട്ടു.
വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ പത്തുമണിയോടെ ശ്രീലങ്കയിലെ ഹന്പൻതോട്ട തുറമുഖത്ത് കപ്പൽ എത്തും. യാത്ര വൈകിപ്പിക്കണമെന്ന് തിങ്കളാഴ്ച ശ്രീലങ്കൻ അധികൃതർ ചൈനയോട് അഭ്യർഥിച്ചിരുന്നു. ഇന്ത്യയുടെ എതിർപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ചൈനയുടെ സഹായത്തോടെ നിർമിച്ച ഹന്പൻതോട്ട തുറമുഖത്ത് നങ്കൂരമിടുന്ന ഉപഗ്രഹ നിരീക്ഷണശേഷിയുള്ള കപ്പലിൽ സിഗ്നലുകൾ പിടിച്ചെടുക്കാനും സംവിധാനമുണ്ട്. ഇന്ധനം നിറയ്ക്കാനെന്ന പേരിലെത്തിയ കപ്പൽ ഏഴു ദിവസത്തോളം ശ്രീലങ്കയിൽ തുടരും.