ബംഗാളി സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു
Tuesday, July 5, 2022 1:22 AM IST
കോൽക്കത്ത: മുതിർന്ന ബംഗാളി ചലച്ചിത്ര സംവിധായകൻ തരുൺ മജുംദാർ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളും വൃക്കരോഗവും അലട്ടിയിരുന്ന മജുംദാറിനെ കഴിഞ്ഞ 14 നാണ് കോൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം.
സാധാരണക്കാരുടെ ജീവിതം അസാധാരണ കഥാപാത്രങ്ങളിലുടെ കവിതപോലെ പറഞ്ഞു ഫലിപ്പിച്ചതിന്റെ പേരിലാണു മജുംദാർ ഓർമിപ്പിക്കപ്പെടുന്നത്. നാലുതവണ ദേശീയ ചലച്ചിത്രപുരസ്കാരവും അഞ്ചുതവണ സംസ്ഥാനപുരസ്കാരവും ലഭിച്ചു. 1990 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. താരാശങ്കർ ബന്ദോപദ്ധ്യായ, സുഭോദ് ഘോഷ്, ശരബിന്ദു ബന്ദോപദ്ധ്യായ, ബിമൽ കർ തുടങ്ങിയ ബംഗാളി സാഹത്യകാരന്മാരുടെ രചനകളുടെ സിനിമാഭാഷ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.