ഉദയ്പുർ കൊലപാതകം: കനത്ത സുരക്ഷയിൽ കനയ്യലാലിന്റെ സംസ്കാരം
Thursday, June 30, 2022 1:56 AM IST
ഉദയ്പുർ: ഉദയ്പുരിൽ ഭീകരർ കഴുത്തറത്തുകൊന്ന കനയ്യലാലിന്റെ സംസ്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ നടത്തി.
സെക്ടർ പതിനാലിലുള്ള ലാലിന്റെ വസതിയിൽ നൂറുകണക്കിനുപേരാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. ക്രമസമാധാനപാലനം കാത്തുസൂക്ഷിക്കാനായി നഗരത്തിന്റെ പലയിടങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിലാപയാത്രയിലേക്കു ജനം ഒഴുകിയെത്തുകയായിരുന്നു.
കനയ്യലാലിനു ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ ജസോദ പറഞ്ഞു. ഭയംമൂലം ആറുദിവസം തയ്യൽക്കട അടച്ചിട്ടിരുന്നു. പിന്നീട് കട തുറന്നപ്പോഴാണ് കൊലപാതകം നടന്നതെന്നും അവർ പറഞ്ഞു.
സംഭവത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തിയ നാട്ടുകാർ കുറ്റക്കാർക്കു വധശിക്ഷ നൽകണമെന്ന് ആവശ്യമുന്നയിച്ചു.
മതനിന്ദാ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത തിനാണ് ചൊവ്വാഴ്ച കനയ്യലാലിനെ രണ്ടു പേർ കഴുത്തറത്ത് കൊന്നത്.