ഗോവയിൽ നാലിടത്ത് ബിജെപിക്കു റിബൽ ഭീഷണി
Saturday, January 29, 2022 12:40 AM IST
പനാജി: ഗോവയിൽ നാലിടത്ത് ബിജെപിക്കു റിബൽ ഭീഷണി. പ്രസ്റ്റീജ് സീറ്റായ പനാജി ഉൾപ്പെടെയാണിത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പനാജിയിൽ സ്വതന്ത്രനായി മത്സരിക്കുന്നതു ബിജെപിക്ക് വൻ വെല്ലുവിളി ഉയർത്തുന്നു. ആറു തവണ മനോഹർ പരീക്കർ വിജയിച്ച മണ്ഡലമാണു പനാജി.
മാൻഡ്രേം മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ആണു വിമതസ്ഥാനാർഥി. 2017ൽ പർസേക്കറെ പരാജയപ്പെടുത്തിയ ദയാനന്ദ് സോപ്തേ ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുകയാണ്. തുടർന്നാണു പർസേക്കർ സ്വതന്ത്രനായി പത്രിക നല്കിയത്.
സാൻഖേം മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്ലേക്കറുടെ ഭാര്യ സാവിത്രി റിബലായി മത്സരിക്കുകയാണ്. ചന്ദ്രകാന്ത് കാവ്ലേക്കർ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ക്യൂപേം മണ്ഡലത്തിന്റെ അയൽ മണ്ഡലമാണു സാൻഖേം. കംഭാർജ മണ്ഡലത്തിലും ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ വിമതൻ മത്സരരംഗത്തുണ്ട്.