സ്വന്തം സീറ്റിൽ ബിജെപി സ്ഥാനാർഥിയായി മരുമകൾ; പ്രതാപ് സിംഗ് റാണെ പിന്മാറി
Saturday, January 29, 2022 12:40 AM IST
പനാജി: സ്വന്തം മണ്ഡലമായ പോറിമിൽ മരുമകളെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെ മത്സരരംഗത്തുനിന്നു പിന്മാറി. റാണെയുടെ പരന്പരാഗത മണ്ഡലത്തിൽ ദേവിയ റാണെയാണ് ബിജെപി സ്ഥാനാർഥി.
ആറു തവണ ഗോവ മുഖ്യമന്ത്രിയായിട്ടുള്ള പ്രതാപ് സിംഗ് റാണെ(82) പോരിം മണ്ഡലത്തിൽനിന്ന് 11 തവണ തുടർച്ചയായി വിജയിച്ചിട്ടുണ്ട്. 1972ലാണ് ഇദ്ദേഹം ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി(എംജിപി) സ്ഥാനാർഥിയായിട്ടായിരുന്നു ആദ്യജയം. പിന്നീടുള്ള പത്തു വിജയവും കോൺഗ്രസ് ടിക്കറ്റിലായിരുന്നു. 2017ൽ ഗോവയിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച 17 പേർ 15 പേരും ബിജെപി അടക്കമുള്ള പാർട്ടികളിലേക്കു ചേക്കേറിയിരുന്നു.
കോൺഗ്രസിൽ അവശേഷിച്ച രണ്ട് എംഎൽഎമാരിലൊരാളാണ് പ്രതാപ് സിംഗ് റാണെ.