കോൺഗ്രസ് സ്ഥാനാർഥികൾ രാഹുലിനൊപ്പം സുവർണക്ഷേത്രത്തിലെത്തും
Wednesday, January 26, 2022 1:49 AM IST
ചണ്ഡിഗഡ്: നിയമസഭയിലേക്കു മത്സരിക്കുന്ന പഞ്ചാബിലെ കോൺഗ്രസ് സ്ഥാനാർഥികൾ പാർട്ടി നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം സുവർണക്ഷേത്രം സന്ദർശിക്കും. വ്യാഴാഴ്ച രാവിലെ കോൺഗ്രസിന്റെ 117 സ്ഥാനാർഥികൾക്കുമൊപ്പം സുവർണക്ഷേത്രത്തിലെത്തുന്ന രാഹുൽ ക്ഷേത്രത്തിലെ സമൂഹ അടുക്കളയിൽനിന്നു ഭക്ഷണവും സ്വീകരിക്കും. 86 സ്ഥാനാർഥികളെ ഇതുവരെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്കുശേഷം ജലന്ദറിലെ മിതാപുരിൽ വെർച്വൽ റാലിയെയും കോൺഗ്രസ് നേതാവ് അഭിസംബോധന ചെയ്യും. പൊതുയോഗങ്ങൾക്ക് ഈ മാസം 31 വരെ തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് വ്യോമമാർഗം രാഹുൽ ഗാന്ധി അമൃത്സറിലെത്തും. തുടർന്ന് സുവർണക്ഷേത്രത്തിലേക്കു തിരിക്കും. അടുത്തമാസം 20 നാണ് വോട്ടെടുപ്പ്.