ഉത്തരാഖണ്ഡിലെ ബിജെപി സ്ഥാനാർഥികളിൽ 22 ഠാക്കൂർമാർ, 15 ബ്രാഹ്മണർ
Friday, January 21, 2022 12:40 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ 59 സ്ഥാനാർഥികളെ ബിജെപി ഇന്നലെ പ്രഖ്യാപിച്ചു. ഇതിൽ 22 പേർ ഠാക്കൂർമാരും 15 പേർ ബ്രാഹ്മണരുമാണ്. ഠാക്കൂർ, ബ്രാഹ്മണ സമുദായക്കാരാണ് ഉത്തരാഖണ്ഡിൽ നിർണായക വോട്ട് ബാങ്ക്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഖാതിമ മണ്ഡലത്തിൽ മത്സരിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് ഹരിദ്വാറിൽ വീണ്ടും ജനവിധി തേടും. പ്രമുഖ നേതാക്കളായ സത്പാൽ മഹാരാജ്, ധൻ സിംഗ് റാവത്ത് എന്നിവർ സ്ഥാനാർഥിപ്പട്ടികയിൽ ഇടംകണ്ടു. 10 സിറ്റിംഗ് എംഎൽഎമാർക്കു ബിജെപി സീറ്റ് നിഷേധിച്ചു.
മുൻ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിയുടെ മകൾ റിതു ഖണ്ഡൂരി സീറ്റ് നിഷേധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്ഥാനാർഥികളിൽ 13 പേർ പട്ടികജാതിക്കാരും മൂന്നു പേർ വൈശ്യ വിഭാഗക്കാരുമാണ്. 2017ൽ 70ൽ 57 സീറ്റ് നേടിയാണു ബിജെപി അധികാരത്തിലെത്തിയത്.