ദരിദ്രർ ഏറ്റവും കുറവ് കേരളത്തിൽ
Saturday, November 27, 2021 12:51 AM IST
ന്യൂഡൽഹി: ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങൾ. നിതി ആയോഗിന്റെ മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡെക്സ്(എംപിഐ) ആണ് ഇവയെ ദരിദ്ര സംസ്ഥാനങ്ങളായി തെരഞ്ഞെടുത്തത്.
കേരളമാണ് ദരിദ്രരുടെ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം. വെറും. 0.71 ശതമാനം മാത്രമാണ് കേരളത്തിൽ ദരിദ്രരുള്ളത്.
സൂചിക പ്രകാരം ബിഹാറിലെ 51.91 ശതമാനം ജനങ്ങൾ ദരിദ്രരാണ്. ജാർഖണ്ഡ്(42.16%), യുപി(37.79%), മധ്യപ്രദേശ് (36.55%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
കേരളം കഴിഞ്ഞാൽ ഗോവ(3.76 %), സിക്കിം(3.82%), തമിഴ്നാട്(4.89%), പഞ്ചാബ്(5.59%) എന്നിവയാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങൾ.
ഓക്സ്ഫഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് (ഒപിഎച്ച്ഐ), യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) എന്നിവ ചേർന്നു വികസിച്ച ആഗോള സ്വീകാര്യതയുള്ള മെത്തഡോളജിയാണ് ദരിദ്രരെ കണ്ടെത്താൻ എംപിഐ ഉപയോഗിച്ചത്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ തുല്യപ്രാധാന്യത്തോടെയാണ് എംപിഐ പരിഗണിച്ചത്. പോഷകാഹാരം, ശിശുമരണനിരക്ക്, ഗർഭകാല പരിരക്ഷ, വിദ്യാഭ്യാസ വർഷങ്ങൾ, സ്കൂൾ ഹാജർ, പാചക ഇന്ധനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി, ഭവനം, സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ 12 വിഭാഗങ്ങൾ ദാരിദ്ര്യസൂചിക കണ്ടെത്താൻ ഉപയോഗിച്ചു.