നടന് വിവേകിന്റെ മരണം യാദൃച്ഛികം, വാക്സിനേഷനുമായി ബന്ധമില്ലെന്ന് വിദഗ്ധ സമിതി
Friday, October 22, 2021 11:36 PM IST
ചെന്നൈ: പ്രശസ്ത തമിഴ് നടൻ വിവേകിന്റെ മരണത്തിന് വാക്സിനേഷനുമായി ബന്ധമില്ലെന്നും മരണം യാദൃച്ഛികമായുണ്ടായതാണെന്നും വാക്സിനേഷനുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സമിതി.
കോവിഡ് -19 വാക്സിന് എടുത്ത് രണ്ടാം ദിവസമാണ് വിവേകിന്റെ മരണം സംഭവിച്ചത്. ഇതേത്തുടർന്ന്, വാക്സിനേഷനാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമെന്ന വാദം ഉയർന്നിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണു മരണത്തിനു കാരണമെന്നും സമിതി വ്യക്തമാക്കി. ഉയർന്ന രക്തസമ്മർദംത്തിന്റെ ഫലമായി ഉണ്ടാവുന്ന വെന്‍ട്രിക്കുലാര്‍ ഫൈബ്രിലേഷനോടുകൂടിയ കാര്‍ഡിയോജെനിക് ഷോക്ക് അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന് മൂലമാണു മരണം സംഭവിച്ചതെന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തൽ.
വിവേകിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ജനങ്ങള്‍ക്കിടയില്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട് ഭയത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണത്തെക്കുറിച്ച് പഠിക്കാൻ വാക്സിനേഷനുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സമിതിയെ നിയോഗിച്ചത്.