ദളിത് കർഷകന്റെ കൊലപാതകം: മരണകാരണം ആഴമേറിയ മുറിവുകൾ
Sunday, October 17, 2021 11:33 PM IST
ന്യൂഡൽഹി: സിംഘു അതിർത്തിയിലെ കർഷക സമരവേദിക്കരികെ കൈകാലുകൾ ഛേദിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ ദളിത് സിഖ് വംശജനായ ലഖ്ബീർ സിംഗിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. ശരീരത്തിലേറ്റ ആഴമേറിയ മുറിവുകളിൽനിന്നു രക്തംവാർന്നാണ് മരണം സംഭവിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പഞ്ചാബിലെ തൻതരൻ ജില്ലയിൽനിന്നുമുള്ള ദളിത് കർഷകനായ ലഖ്ബീർ സിംഗിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിംഘു അതിർത്തിയിലെ സമരവേദിക്കരികിലുള്ള പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് സായുധ സിഖ് വിഭാഗമായ നിഹാംഗുകളിൽപെട്ട സർവജീത് സിംഗ് ശനിയാഴ്ച ഹരിയാന പോലീസിന് മുൻപിൽ കീഴടങ്ങിയിരുന്നു. സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു എന്നാരോപിച്ചാണ് നിഹാംഗുകൾ ലഖ്ബീർ സിംഗിന്റെ കൈകാലുകൾ വെട്ടിമാറ്റി കൊലപ്പെടുത്തിയത്.
സോനിപത്ത് സിവിൽ ആശുപത്രിയിലെ മൂന്നു ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ശരീരത്തിൽ ചെറുതും വലുതുമായ 22 മുറിവുകളാണുണ്ടാ യിരുന്ന ത്. ഇതിൽ പത്ത് മുറിവുകൾ ആഴമേറിയതാണ്. കയർ ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെയും റോഡിലൂടെ വലിച്ചിഴച്ചതിന്റെയും അടയാളങ്ങൾ ശരീരത്തിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ലഖ്ബീർ സിംഗിന്റെ സ്വദേശമായ ഗുർദാസ്പുർ ജില്ലയിലുള്ള ചീമ ഗ്രാമത്തിൽ അടക്കം ചെയ്തു.
മത വിശ്വാസം അനുസരിച്ചുള്ള അന്ത്യോപചാരങ്ങൾ ഇല്ലാതെയാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കാരച്ചടങ്ങിൽ ലഖ്ബീർ സിംഗിന്റെ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിനാൽ ആചാര പ്രകാരമുള്ള സംസ്കാരത്തിന് അനുവദിക്കില്ലെന്നു സിഖ് സംഘടനകളുടെ നേതാക്കൾ അറിയിച്ചിരുന്നു. അറസ്റ്റിലായ സർവജീത് സിംഗ് ഉൾപ്പെടെ മറ്റു നാലു പേർക്കും കൊലപാതകത്തിൽ പങ്കുള്ളതായി സോനിപത്ത് ഡിഎസ്പി വീരേന്ദർ സിംഗ് പറഞ്ഞു.