ഛത്തീസ്ഗഡിലെ സർക്കാർ ആശുപത്രിയിൽ നാലു നവജാതശിശുക്കൾ മരിച്ചു
Sunday, October 17, 2021 11:33 PM IST
റായ്പുർ: ഛത്തീസ്ഗഡിലെ സർക്കാർ മെഡിക്കൽ കോളജിൽ രണ്ടുദിവസത്തിനിടെ മരിച്ചത് നാലു നവജാതശിശുക്കൾ.
മരണത്തിൽ ദുരൂഹതയില്ലെന്നും ജനനസംബന്ധമായ അസ്വസ്ഥതകൾമൂലമാണ് കുട്ടികൾ മരിച്ചതെന്നും ആശുപത്രി അധികൃതർ. സർഗുജ ജില്ലാആസ്ഥാനമായ അംബികാപുരിലെ ഗവ. മെഡിക്കൽ കോളജ് അഫിലിയേറ്റഡ് ഹോസ്പിറ്റലിലാണ് (ജിഎംസിഎച്ച്) സംഭവം. ഒക്ടോബർ 15ന് അർധരാത്രിയാണ് ആദ്യമരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിറ്റേന്ന് മൂന്നു കുട്ടികൾകൂടി മരിച്ചു.
ഒരു കുട്ടി പീഡിയാട്രിക് വാർഡിലും മറ്റുകുട്ടികൾ സ്പെഷൽ നിയോനേറ്റൽ കെയർ യൂണിറ്റിലും ചികിത്സയിലിരിക്കെയാണു മരിച്ചത്. മറ്റ് ആശുപത്രികളിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്യപ്പെട്ട, നാലുമുതൽ 28 വരെ ദിവസം പ്രായമുള്ള കുട്ടികളാണു മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ലഖൻ സിംഗ് പറഞ്ഞു.
രണ്ടുകുട്ടികൾ ശ്വാസതടസംമൂലമാണ് മരിച്ചതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. അതേസമയം, സർഗുജ ജില്ലയുടെ ചുമതലയുള്ള നഗരവികസനമന്ത്രി ശിവ്കുമാർ ദഹരിയ അംബികാപുരിലെത്തി ജില്ലാ കളക്ടറുമായി ചർച്ച നടത്തി.