അപകടം കുറയ്ക്കാൻ ട്രക്ക് ഡ്രൈവർക്ക് ഡ്രൈവിംഗ് മണിക്കൂർ വരുന്നു
Wednesday, September 22, 2021 12:21 AM IST
ന്യൂഡൽഹി: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി വാണിജ്യ ട്രക്ക് ഡ്രൈവർക്ക് വിമാനത്തിലെ പൈലറ്റുമാരുടേതിനു സമാനമായ രീതിയിൽ ഡ്രൈവിംഗ് മണിക്കൂർ സംവിധാനം ഏർപ്പെടുത്തും.
ട്രക്ക് ഡ്രൈവർക്ക് നിശ്ചിത മണിക്കൂർ ഉറക്കം ലഭിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് മണിക്കൂർ സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗതം-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു.
ഡ്രൈവർക്ക് ഉറക്കം വരുന്നുണ്ടോയെന്നു കണ്ടെത്തുന്നതിനുള്ള സ്ലീപ്പ് ഡിറ്റെഷൻ സംവിധാനം വാഹനങ്ങളിൽ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് പഠനം നടത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി പതിവായി കൂടണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും ജില്ലാ കളക്ടർമാർക്കും കത്തയയ്ക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി പറഞ്ഞു.
ദേശീയ റോഡ് സുരക്ഷാ കൗൺസിലിന്റെ യോഗം ചൊവ്വാഴ്ച രാവിലെ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. സഹമന്ത്രി ജനറൽ വി.കെ. സിംഗും മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.