ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കി
Thursday, July 29, 2021 1:33 AM IST
ന്യൂഡൽഹി: അതിരൂക്ഷ ബഹളത്തിനിടെ സുപ്രധാന ബില്ലുകൾ ചർച്ചയില്ലാതെ കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കി. പെഗാസസിലും കാർഷിക വിഷയത്തിലും ഉടക്കി പ്രതിപക്ഷം ഉയർത്തുന്ന പ്രതിഷേധത്തിൽ മുങ്ങി രാജ്യസഭയും ലോക്സഭയും പലതവണ പിരിഞ്ഞു.
ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്സി കോഡ് ഭേദഗതി ബിൽ, സപ്ലിമെന്ററി ഡിമാൻഡ് ഫോർ ഗ്രാന്റ്സ് ആൻഡ് അപ്രോപ്രിയേഷൻ ബിൽ എന്നിവയാണ് ഇന്നലെ ലോക്സഭയിൽ ബഹളത്തിനിടെ ശബ്ദവോട്ടോടെ പാസാക്കിയത്. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാർ സ്പീക്കറുടെ ചേംബറിന് നേർക്കും ഭരണപക്ഷത്തിനു നേർക്കും കടലാസ് കീറിയെറിയുന്നതിനിടെയാണ് ബില്ലുകൾ പാസാക്കിയെടുത്തത്.