വാക്സിന്: മോദിക്കു നന്ദി പറഞ്ഞു ബാനറുകൾ സ്ഥാപിക്കണമെന്ന് യുജിസി
Wednesday, June 23, 2021 12:08 AM IST
ന്യൂഡൽഹി: പതിനെട്ടു വസസിനു മുകളിൽ പ്രായമുള്ളവർക്കു സൗജന്യ വാക്സിനേഷൻ അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ് ബാനറുകൾ സ്ഥാപിക്കണമെന്ന് യുജിസി. സർക്കാർ ധനസഹായം ലഭിക്കുന്ന എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കുമാണ് നിർദേശം. ബാനറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ‘എല്ലാവർക്കും വാക്സിൻ, എല്ലാവർക്കും സൗജന്യം, ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാംപെയ്ൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി’ എന്നിങ്ങനെ എഴുതാനുമാണ് നിർദേശിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബാനറുകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയാണ് ബാനറുകൾ സ്ഥാപിക്കണമെന്ന യുജിസി സെക്രട്ടറി രജനീഷ് ജെയിന്റെ സന്ദേശം സർവകലാശാലാ അധികൃതർക്കു ലഭിച്ചതെന്നാണ് വിവരം. വിവിധ സർവകലാശാലാ അധികൃതർക്ക് വാട്സ്ആപ് മുഖേനയാണ് നിർദേശം അയച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വാർത്തകളോട് രജനീഷ് ജെയിൻ പ്രതികരിക്കാൻ തയാറായില്ല.
എന്നാൽ, മൂന്ന് സർവകലാശാലകളിലെ അധികൃതർ നിർദേശം ലഭിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചു. ബാനറുകളുടെയും പോസ്റ്ററുകളുടെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം തയാറാക്കിയ മാതൃക അയയ്ക്കുന്നു എന്നാണ് രജനീഷ് ജെയിന്റെ സന്ദേശത്തിൽ പറയുന്നത്. ഇതിനു പിന്നാലെതന്നെ ഡൽഹി യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഭോപ്പാൽ എൽഎൻസിടി യൂണിവേഴ്സിറ്റി, ബെന്നറ്റ് യൂണിവേഴ്സിറ്റി, ഗുരുഗ്രാം നോർത്ത് ക്യാപ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങൾ പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ ഉദ്യോഗസ്ഥർക്കുമേൽ സൗജന്യ കോവിഡ് വാക്സിന്റെ പേരിൽ പ്രധാനമന്ത്രിക്കു നന്ദിപറയുന്ന പരസ്യങ്ങൾ ഇറക്കാൻ സമ്മർദം ചെലുത്തുകയാണെന്ന് ആരോപിച്ചിരുന്നു.