ഐഎസ്ഐ ഫണ്ട് ഉപയോഗിച്ച് ഇസ്ലാമിലേക്കു മതപരിവർത്തനം; രണ്ടു പേർ അറസ്റ്റിൽ
Tuesday, June 22, 2021 12:52 AM IST
ലക്നോ: പാക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഫണ്ട് ഉപയോഗിച്ച് ഉത്തർ പ്രദേശിൽ ബധിര വിദ്യാർഥികളെയും ദരിദ്രരെയും ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തിയിരുന്ന രണ്ടു പേരെ എടിഎസ് അറസ്റ്റ് ചെയ്തു. ഡൽഹി ജാമിയ നഗറിലുള്ളവരാണിവർ. മുഫ്തി ഖാസി ജഹാംഗീർ ആലം ഖാസ്മി, മുഹമ്മദ് ഉമർ ഗൗതം എന്നിവരാണു പിടിയിലായത്. ലക്നോവിലെ എടിഎസ് പോലീസ് സ്റ്റേഷനിലെ കേസിനെത്തുടർന്നാണ് അറസ്റ്റ്.
ഹിന്ദുമതത്തിൽനിന്ന് ഇസ്ലാം മതത്തിൽ ചേർന്നയാളാണ് ഗൗതം. വിവാഹം, പണം, ജോലി എന്നിവ വഴി ആയിരത്തോളം പേരെ താൻ ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്തിട്ടുണ്ടെന്നു ചോദ്യംചെയ്യലിൽ ഗൗതം പോലീസിനോടു പറഞ്ഞു. ഇസ്ലാമിക് ദവാ സെന്റർ എന്നാണ് മതപരിവർത്തനത്തിനുള്ള സംഘടന അറിയപ്പെടുന്നതെന്ന് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. ഇന്റലിജൻസ് വിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.