കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ബംഗാളിൽ ആക്രമണം
Friday, May 7, 2021 12:50 AM IST
കോൽക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ബംഗാളിൽ ആക്രമണം. വെസ്റ്റ് മിഡ്നാപുർ ജില്ലയിലെ പഞ്ച്കുരി ഗ്രാമത്തിലായിരുന്നു സംഭവം. ബംഗാളിൽ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തെത്തുടർന്ന് അക്രമമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കവേയായിരുന്നു മുരളീധരന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്.
തൃണമൂൽ കോൺഗ്രസുകാരാണ് ആക്രമണം നടത്തിയതെന്നു മുരളീധരൻ ആരോപിച്ചു. തൃണമൂൽ കോൺഗ്രസുകാരുടെ ആക്രമണത്തിനിരയായ ബിജെപി പ്രവർത്തകരുടെ വീടുകളിൽ ഇന്നലെ ഉച്ചയ്ക്ക് സന്ദർശനം നടത്തവേ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നു.
എനിക്ക് പരിക്കില്ല. എന്നാൽ ഡ്രൈവർക്കു പരിക്കേറ്റു. കാറിന്റെ ചില്ലുകൾ തകർന്നു-മുരളീധരൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിക്കെതിരെ ആക്രമണമുണ്ടായതെന്നു മുരളീധരനൊപ്പമുണ്ടായിരുന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ ആരോപിച്ചു.