സന്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി
Wednesday, May 5, 2021 12:06 AM IST
ന്യൂഡൽഹി: അതിരൂക്ഷമായ കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലവിൽ കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ല. നിഷ്ക്രിയത്വം മൂലം നിരവധി പേർക്കു ജീവൻ നഷ്ടപ്പെടാൻ ഇടയായതായി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നര ലക്ഷത്തിനു മുകളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. പ്രതിദിന മരണസംഖ്യ നാലായിരം കടക്കുന്ന സ്ഥിതിയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനം തടയാൻ ഇനി ഒരേയൊരു മാർഗമേയുള്ളു എന്ന് സൂചിപ്പിച്ച് സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാന്പത്തികമായി പിന്നാക്കം നിൽകുന്നവർക്ക് വേണ്ട സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അപര്യാപ്തമാണ്. നിഷ്ക്രിയത്വം മൂലം നിരവധി സാധുക്കൾക്കാണ് ജീവൻ നഷ്ടമായതെന്നും രാഹുൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി. പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിന് കോണ്‍ഗ്രസ് രൂപം നൽകിയ ന്യായ് പദ്ധതി നടപ്പാക്കണമെന്നും രാഹുൽ ആവശ്യ്പെട്ടു.