മൻമോഹൻ സിംഗിനു മറുപടിയുമായി ആരോഗ്യമന്ത്രി
Tuesday, April 20, 2021 12:02 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി അഞ്ചിന നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനു മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ രംഗത്ത്. വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് മൻമോഹൻ സിംഗ് ചിന്തിക്കുന്പോൾ കോണ്‍ഗ്രസിലെ മറ്റു നേതാക്കൾ വാക്സിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയാണെന്നു ഹർഷ വർധൻ മുൻ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ കുറ്റപ്പെടുത്തി.
കോവിഡിനെതിരായ പോരാട്ടത്തിൽ വാക്സിനേഷൻ സുപ്രധാന മാർഗമാണെന്നു മൻമോഹൻ സിംഗിനറിയാം. എന്നാൽ, താങ്കളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും പാർട്ടിയിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൾക്കും ഈ അഭിപ്രായമല്ല ഉള്ളത്. വാക്സിനുകളുടെ ക്ഷമതയെക്കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിൽ അവർ അസാധാരണമായ താത്പര്യമാണ് കാണിക്കുന്നത്. അതിലൂടെ ജനങ്ങളിൽ വാക്സിൻ വിരുദ്ധത വളർത്തുകയാണെന്നും ജനങ്ങളുടെ ജീവൻകൊണ്ട് കളിക്കുകയാണെന്നും ഹർഷവർധൻ ആരോപിച്ചു.
ആകെ വാക്സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്ര ശതമാനം പേർക്ക് വാക്സിൻ നൽകുന്നു എന്നാണ് നോക്കേണ്ടതെന്ന മൻമോഹൻ സിംഗിന്റെ ഉപദേശം ശരിയാണ്. വൈറസിനെതിരേയുള്ള പോരാട്ടം എല്ലാവരും ഒരുപോലെ ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യം താങ്കളുടെ പാർട്ടിയിലെ നേതാക്കളെ ഉപദേശിക്കണമെന്നും മൻമോഹൻ സിംഗിനെഴുതിയ കത്തിൽ ഹർഷവർധൻ ആവശ്യപ്പെടുന്നു.