റായ്പുർ ആശുപത്രിയിൽ തീപിടിത്തം അഞ്ച് കോവിഡ് രോഗികൾ മരിച്ചു
Sunday, April 18, 2021 11:55 PM IST
റായ്പുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ സ്വകാര്യആശുപത്രിയിലെ കോവിഡ് വാർഡിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. ശനിയാഴ്ച റായ്പുരിലെ രാജധാനി ആശുപത്രിയിലാണു ദുരന്തം. മരിച്ചവരിൽ നാലുപേരും തീപിടിത്തത്തെത്തുടർന്നു ശ്വാസംമുട്ടിയാണ് മരണമടഞ്ഞത്.
വാർഡിൽ പുക ഉയരുന്നതുകണ്ട സൂപ്പർവൈസർ ആശുപത്രി അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങളും ജീവനക്കാരും ചേർന്ന് മറ്റ് രോഗികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. മുപ്പതോളം രോഗികളാണ് ഈ സമയത്ത് ചികിത്സയിലുണ്ടായിരുന്നത്.മരിച്ചവരുടെ ആശ്രിതർക്ക് നാലുലക്ഷം രൂപ വീതം സഹായധനം മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പ്രഖ്യാപിച്ചു.
ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ സമീപനമാണ് അപകടത്തിനു കാരണമെന്നാണ് അധികൃതരുടെ ആരോപണം. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ റായ്പുർ ജില്ലാ കളക്ടർ ഡോ. എസ്. ഭാരതീദാസൻ പോലീസിനു നിർദേശം നല്കി. ആശുപത്രിയിൽ സുരക്ഷാ പരിശോധന നടത്താനും നിർദേശമുണ്ട്.