ആസാം മുൻ മുഖ്യമന്ത്രി ഭൂമിധർ ബർമൻ അന്തരിച്ചു
Sunday, April 18, 2021 11:55 PM IST
ഗോഹട്ടി: മുൻ ആസാം മുഖ്യമന്ത്രി ഭൂമിധർ ബർമൻ(91) അന്തരിച്ചു. ഗോഹട്ടിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന കോൺഗ്രസ് നേതാവായ ബർമൻ രണ്ടു തവണ ആസാം മുഖ്യമന്ത്രിയായി. ഹിതേശ്വർ സൈക്കിയ അന്തരിച്ചതിനെത്തുടർന്ന് 1996 ഏപ്രിൽ 22 മുതൽ മേയ് 14 വരെ ബർമൻ മുഖ്യമന്ത്രിയായിരുന്നു. 2010ൽ, അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയി ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായപ്പോൾ ബർമൻ ഏതാനും നാൾ മുഖ്യമന്ത്രിയായിരുന്നു. ഹിതേശ്വർ സൈക്കിയ, തരുൺ ഗൊഗോയി എന്നിവരുടെ മന്ത്രിസഭകളിൽ ആരോഗ്യം, വിദ്യാഭ്യാസം, റവന്യു തുടങ്ങിയ സുപ്രധാനവകുപ്പുകൾ ബർമൻ കൈകാര്യം ചെയ്തിട്ടുണ്ട്.
ഏഴു തവണ നിയമസഭാംഗമായ ഇദ്ദേഹം 1967ലാണ് ആദ്യമായി വിജയിക്കുന്നത്. ബോർഖെത്രി മണ്ഡലത്തിൽനിന്നു നാലു തവണയും നൽബാരി വെസ്റ്റിൽനിന്നു രണ്ടു തവണയും ധർമാപുരിൽനിന്ന് ഒരു തവണയും ബർമൻ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1958ൽ ദിബ്രുഗഡിലെ ആസാം മെഡിക്കൽ കോളജിൽനിന്ന് അദ്ദേഹം എംബിബിഎസ് പാസായി. മകൻ ദിഗന്ത ബർമൻ ഇത്തവണ ബോർഖെത്രി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്.