ഹരിദ്വാറിലെ കുംഭമേള നിർത്തി
Sunday, April 18, 2021 2:21 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്നുവന്ന വിഖ്യാതമായ കുംഭമേള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചു. പ്രതീകാത്മകമായി മാത്രം കുംഭമേള നടത്തിയാൽ മതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനു തൊട്ടുപിന്നാലെയാണ് ഒരു മാസം നീളുന്ന മേള അവസാനിപ്പിക്കുന്നതായി മുഖ്യ പൂജാരികളിലൊരാളായ ജുന അഖാരയിലെ സ്വാമി അവദേശാനന്ദ് ഗിരി പ്രഖ്യാപിച്ചത്.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നു സ്വാമി അവദേശാനന്ദ് ട്വീറ്റ് ചെയ്തു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കുംഭമേളയിലെ പൂജകൾ ജുന അഖാര അവസാനിപ്പിക്കുകയാണെന്ന് കുറിപ്പിൽ വ്യക്തമാക്കി. ഒരു മാസം നീളുന്ന കുംഭമേളയിൽ 14 ലക്ഷത്തോളം പേർ പങ്കെടുക്കാറുണ്ട്.