ഉത്തരാഖണ്ഡ് മിന്നൽപ്രളയം: കാണാതായ 136 പേർ മരിച്ചുവെന്നു സംശയിക്കുന്നതായി വിജ്ഞാപനം
Tuesday, February 23, 2021 11:56 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞവീണതിനെത്തുടർന്നുള്ള മിന്നൽപ്രളയത്തിൽ കാണാതായ 136 പേർ മരിച്ചുവെന്നു സംശയിക്കുന്നതായി സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം. ഏഴാം തീയതിയുണ്ടായ അപകടത്തെത്തുടർന്നുള്ള തെരച്ചിലിൽ ഇതുവരെ 68 പേരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
35 പേർ ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടായിരുന്നു. തുരങ്കത്തിൽ പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
തുരങ്കമുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യവും മണ്ണും നീക്കം ചെയ്യാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ദൗത്യസംഘം പറയുന്നത്.