ശശികല ജയിൽ മോചിതയായി
Thursday, January 28, 2021 12:22 AM IST
ബംഗളൂരു: അനധികൃത സ്വത്തുസന്പാദനക്കേസിൽ നാലു വർഷമായി തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മുൻ അണ്ണാ ഡിഎംകെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ. ശശികല(66) ജയിൽമോചിതയായി. കോവിഡ് ബാധിച്ചതിനെത്തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ശശികല.
ജയിൽമോചനത്തിന്റെ നടപടിക്രമങ്ങൾ ആശുപത്രിയിൽവച്ചാണു നടത്തിയത്. ജയിൽ അധികൃതർ ആശുപത്രിയിലെത്തിയിരുന്നു. മൂന്നു ദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടി വരും. ശശികലയുടെ നൂറുകണക്കിന് അനുയായികൾ ഇന്നലെ ആശുപത്രിക്കു പുറത്ത് എത്തിയിരുന്നു. ശശികലയ്ക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ അനുയായികൾ മധുര പലഹാര വിതരണം നടത്തി.