‘താണ്ഡവ്’ വെബ്സീരിസിനെതിരേ യുപിയിൽ കേസ്
Tuesday, January 19, 2021 12:40 AM IST
ലക്നോ: മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യുന്ന ‘താണ്ഡവ്’എന്ന വെബ്സീരിസിന്റെ നിർമാതാക്കൾക്കെതിരേ യുപി പോലീസ് കേസെടുത്തു. ഹിന്ദുദൈവങ്ങളെ പരിഹസിച്ചുവെന്നാരോപിച്ചു ബിജെപി നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണിത്. ലക്നോവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലെ ഒരു എസ്ഐയുടെ തന്നെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.
ആമസോൺ പ്രൈമിന്റെ ഇന്ത്യയുടെ ചുമതലയുള്ള അപർണ പുരോഹിത്, വെബ്സീരിസ് സംവിധായകൻ അലി അബ്ബാസ്, നിർമാതാവ് ഹിമാൻഷു കൃഷ്ണ മെഹ്റ, കഥാകൃത്ത് ഗൗരവ് സോളങ്കി എന്നിവർക്കൊപ്പം മറ്റൊരാളും പ്രതിപ്പട്ടികയിലുണ്ട്.
മതസ്പർധ, ആരാധനാലയങ്ങളെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എഫ്ഐആർ രജിസ്റ്റർചെയ്തതിനു പിന്നാലെ ഇതിന്റെ പകർപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി ട്വിറ്ററിൽ പങ്കുവച്ചു.