കാർഷിക നിയമ പ്രക്ഷോഭം തടഞ്ഞാൽ അതിർത്തി സ്തംഭിപ്പിക്കും
Tuesday, November 24, 2020 12:34 AM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ 26, 27 തീയതികളിൽ നടക്കുന്ന പ്രക്ഷോഭം ഡൽഹിയിലേക്കു കടക്കുന്നതു തടഞ്ഞാൽ സംസ്ഥാന അതിർത്തികൾ സ്തംഭിപ്പിക്കുമെന്ന് കർഷക സംഘടനകൾ.
അയൽസംസ്ഥാനങ്ങളിൽനിന്നു ഡൽഹിയിലേക്കു വരുന്ന എല്ലാ റോഡുകളും പ്രതിരോധിക്കുമെന്നാണ് മുന്നറിയിപ്പ്. ഹരിയാനയിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്കുള്ള ദേശീയ പാത ഉപരോധിക്കും. ഉത്തർപ്രദേശിൽ നിന്നുള്ള കർഷക സംഘടനങ്ങളും ഇതേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എവിടെ വച്ചു തടയുന്നോ അവിടെ ഗതാഗതം സ്തംഭിപ്പിച്ച് കുത്തിയിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനു പുറമേ പഞ്ചാബിൽ നിന്നുള്ള കർഷകരും ഡൽഹിയിലേക്ക് പ്രതിഷേധവുമായി എത്തും.
സ്ഥിരം പ്രതിഷേധ വേദികളായ ജന്തർമന്ദർ, രാംലീല മൈതാനം എന്നിവിടങ്ങളിൽ ധർണ യ്ക്കുള്ള അനുമതി കർഷക പ്രക്ഷോഭർക്ക് ഡൽഹി സർക്കാർ നിഷേധിച്ചിട്ടുണ്ട്.