ഇഎസ്ഐ മെഡി. കോളജിലെ സംവരണം: കോർപറേഷൻ ഉത്തരവുകൾ പിൻവലിച്ചു
Thursday, October 22, 2020 12:15 AM IST
ന്യൂഡൽഹി: ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ തൊഴിലാളികളുടെ മക്കൾക്കുളള പ്രവേശന സംരക്ഷണ ക്വോട്ട ഒഴിവാക്കിക്കൊണ്ടുളള ഇഎസ്ഐ കോർപറേഷന്റെ ഉത്തരവുകൾ പിൻവലിച്ചു. ഇതു സംബന്ധിച്ച രണ്ട് ഉത്തരവുകളും കഴിഞ്ഞ ദിവസം പിൻവലിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ഇഎസ്ഐ ഡയറക്ടർ ജനറൽ അനുരാധ പ്രസാദ് അറിയിച്ചു. ഒക്ടോബർ മാസം ഏഴിന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വർ, ഇഎസ്ഐ ഡയറക്ടർ ജനറൽ അനുരാധ പ്രസാദ് എന്നിവരുമായി എൻ.കെ. പ്രേമചന്ദ്രൻ നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇഎസ്ഐ സംവരണ സീറ്റുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പൊതു ക്വോട്ടയിലേക്ക് മാറ്റി സെപ്റ്റംബർ 28 നും 30നും രണ്ട് ഉത്തരവുകൾ ഇഎസ്ഐ കോർപ്പറേഷൻ പുറപ്പെടുവിച്ചിരുന്നു.
ഉത്തരവുകൾ പിൻവലിച്ച് പൊതുക്വോട്ടയിൽ നിന്നും ഇഎസ്ഐ സംവരണ ക്വോട്ടയിലേക്ക് സീറ്റുകൾ തിരികെ ലഭ്യമാക്കിയതായി ഇഎസ്ഐ ഡയറക്ടർ ജനറൽ അറിയിച്ചു. കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതിയിൽ നിന്നുണ്ടായ വിധിയുടെ പശ്ചാത്തലത്തിലാണ് ഇഎസ്ഐ കോർപ്പറേഷൻ സംവരണ ക്വോട്ട അവസാനിപ്പിച്ചു കൊണ്ട് മേല്പറഞ്ഞ ഉത്തരവുകൾ പുറപ്പെടുവിച്ചത്.