ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ എൻസിപിയിലേക്ക്
Thursday, October 22, 2020 12:15 AM IST
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ എൻസിപിയിലേക്ക്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കടുത്ത എതിരാളിയായിരുന്ന ഖഡ്സെ മുൻ റവന്യുമന്ത്രിയാണ്. ഖഡ്സെ വെള്ളിയാഴ്ച എൻസിപിയിൽ ചേരുമെന്ന് സംസ്ഥാന മന്ത്രി ജയന്ത് പാട്ടീൽ പറഞ്ഞു.
അഴിമതിയാരോപണത്തെത്തുടർന്ന് 2016ൽ ഖഡ്സെ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അന്നു മുതൽ ഇദ്ദേഹം പാർട്ടിയിൽ ഒതുക്കപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പിൽ ഖഡ്സെയ്ക്കു സീറ്റ് നല്കിയില്ല. വടക്കൻ മഹാരാഷ്ട്രയിലെ ഖാണ്ഡേഷ് മേഖലയിൽ ഏറെ സ്വാധീനമുള്ള നേതാവാണ്.