കേരളത്തിലെ ഐഎസ് സാന്നിധ്യം : യുഎൻ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ
Monday, September 21, 2020 12:22 AM IST
ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വൻ സാന്നിധ്യമുണ്ടെന്ന യുഎൻ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. കേന്ദ്രആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢിയാണ് ഇക്കാര്യം ലോക്സഭയിൽ പ്രസ്താവിച്ചത്.
യുഎൻ റിപ്പോർട്ടിനെക്കുറിച്ച് കേന്ദ്ര സർക്കാരിന് അറിവില്ലെന്നു മന്ത്രി പറഞ്ഞു. അതേസമയം കേരളത്തിലും കർണാടകയിലും വൻതോതിൽ ഐഎസ് ഭീകരരുണ്ടെന്ന റിപ്പോർട്ട് വസ്തുതാപരമായി ശരിയല്ല. രാജ്യത്ത് ഐഎസ്, ദായിഷ്, ഐഎസ് ഖൊറാസൻ, ലഷ്കർ-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകളുടെ സാന്നിധ്യമുണ്ടെന്ന കാര്യം കേന്ദ്രസർക്കാരിന് അറിയാം. ഐഎസ് സാന്നിധ്യവുമായി ബന്ധപ്പെട്ട് 34 കേസുകളും ലഷ്കർ-ഇ-തൊയ്ബ സാന്നിധ്യവുമായി ബന്ധപ്പെട്ട് 20 കേസുകളും എൻഐഎ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരു ഭീകരസംഘടനകളിലെയും 240 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്-മന്ത്രി കിഷൻ റെഡ്ഢി പറഞ്ഞു.
കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ വൻ സാന്നിധ്യമുണ്ടെന്നും ആക്രമണത്തിനു ഭീകരർ തക്കം പാർക്കുകയാണെന്നുമുള്ള യുഎൻ സമിതി റിപ്പോർട്ട് ജൂലൈയിലായിരുന്നു പുറത്തുവന്നത്.