എംഎൽഎമാർ സത്യത്തിന്റെ പക്ഷത്തു നിൽക്കണം: ഗെഹ്ലോട്ട്
Monday, August 10, 2020 12:52 AM IST
ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ സമ്മേളനം ചേരാനിരിക്കേ സത്യത്തിന്റെ പക്ഷത്തു നിലയുറപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി എല്ലാ എംഎൽഎമാർക്കും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കത്ത്. മൂന്നു പേജുള്ള കത്തിൽ കോവിഡ് പ്രതിസന്ധിയെക്കുറിച്ചും സർക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങൾ നടക്കുന്നതിനെപ്പറ്റിയും സൂചിപ്പിക്കുന്നു.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്പേയി തുടങ്ങിയവരുടെയൊക്കെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, അവരാരും തന്നെ ജനാധിപത്യത്തെ ദുർബലപ്പെടുത്തിയിട്ടില്ല.
ഈ സാഹചര്യത്തിൽ എല്ലാവരും ജനാധിപത്യത്തെ സംരക്ഷിക്കണം. വോട്ടർമാർക്ക് തങ്ങളിലുള്ള വിശ്വാസം നിലനിർത്താനും തെറ്റായ കീഴ്വഴക്കങ്ങൾ നടക്കില്ല എന്ന് ഉറപ്പുനൽകാനും കഴിയണം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ കരുത്തോടെ നിലനിർത്താൻ ഒപ്പം നിൽക്കണം. എല്ലാവരും സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ഗെഹ്ലോട്ട് കത്തിൽ പറയുന്നു.
ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഗെഹ്്ലോട്ട് വിശ്വാസ വോട്ട് തേടിയേക്കും. ഗെഹ് ലോട്ടിന്റെ പക്ഷത്തേക്കു ചാടുമെന്നു ഭയന്ന് ബിജെപി ഗുജറാത്തിലേക്കു മാറ്റിയ ബിജെപി എംഎൽഎമാരെ കാണാനില്ലെന്നു പരാതിയുണ്ട്. ശനിയാഴ്ച രാത്രി പോർബന്തറിലെത്തിയ ബിജെപി എംഎൽഎമാരെ സോമനാഥ് സന്ദർശനം കഴിഞ്ഞ ശേഷം കാണാതായെന്നാണ് ബിജെപി നേതാക്കൾ തന്നെ പറയുന്നത്. ബിജെപി എംഎൽഎമാരായ നിർമൽ കുമാവത്, ഗോപിചന്ദ് മീണ, ജബ്ബാർ സിംഗ് സംഖ്ല, ധരംവീർ മോചി, ഗോപാൽ ലാൽ ശർമ, ഗുർദീപ് സിംഗ് ശാപിനി എന്നിവർ പ്രാദേശിക ബിജെപി നേതാക്കൾ ക്കൊപ്പം പുറത്തു പോയെന്ന് ഗസ്റ്റ് ഹൗസ് അധികൃതർ പറയുന്നു.