കോണ്‍ഗ്രസ് അധ്യക്ഷപദവി: രാഹുലിന് ഇപ്പോഴും മൗനം
Sunday, July 12, 2020 12:24 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്കു മടങ്ങണമെന്ന എംപിമാരുടെ ആവശ്യത്തോടു രാഹുൽ ഗാന്ധിക്കു മൗനംതന്നെ. സോണിയ ഗാന്ധി ഇന്നലെ വീഡിയോ കോണ്‍ഫറൻസിലൂടെ നടത്തിയ കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് ആണ് ഈയാവശ്യം ഉന്നയിച്ചത്.
ആന്റോ ആന്റണി, ഗൗരവ് ഗൊഗോയി, മാണിക്കം ടാഗോർ, അബ്ദുൾ ഖലീഗ്, മുഹമ്മദ് ജാവേദ്, സപ്തഗിരി ഉലാഖ തുടങ്ങിയ എംപിമാരും വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ രാഹുൽതന്നെ കോണ്‍ഗ്രസ് പ്രസിഡന്റു പദവിയിലേക്കു വേഗം മടങ്ങിവരണമെന്ന ആവശ്യത്തെ പിന്തുണച്ചു.
2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ കോണ്‍ഗ്രസിനേറ്റ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണു രാഹുൽ പ്രസിഡന്റു സ്ഥാനം രാജിവച്ചത്. പാർട്ടിയുടെ പ്രവർത്തകസമിതി അടക്കം പലതവണ ഏകകണ്ഠമായി ആവശ്യപ്പെട്ടെങ്കിലും പിന്നീടിതുവരെ പദവി സ്വീകരിക്കാൻ അദ്ദേഹം തയാറായിട്ടില്ല.
കോണ്‍ഗ്രസിന്റെ താത്കാലിക അധ്യക്ഷയായുള്ള സോണിയയുടെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കുകയാണ്. ആരോഗ്യകാരണങ്ങളാൽ ഇനിയും പാർട്ടി അധ്യക്ഷയായി തുടരാനാകില്ലെന്നു സോണിയ നേതാക്കളോടു പറഞ്ഞിട്ടുണ്ട്. ബിജെപിയെ നേരിടാൻ പാർട്ടിക്ക് മുഴുസമയ പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാണെങ്കിലും രാഹുൽ അല്ലാതെ മറ്റൊരു പേരിനും കോണ്‍ഗ്രസിൽ ഇനിയും സ്വീകാര്യത ലഭിച്ചിട്ടില്ല.