പിഎം കെയേഴ്സ് ഫണ്ട്: പിഎസിയിൽ ചർച്ചയില്ല
Sunday, July 12, 2020 12:24 AM IST
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടും കോവിഡ് സംബന്ധിച്ച വിഷയങ്ങളും പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ (പിഎസി) ചർച്ച ചെയ്യാൻ അനുവദിക്കാതെ ബിജെപി. കോവിഡ് ദുരിതാശ്വാസത്തിനായി രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ട് സിഎജി ഓഡിറ്റ് ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതു ചർച്ച ചെയ്യണമെന്ന ആവശ്യവും ബിജെപി- കോണ്ഗ്രസ് അംഗങ്ങൾ തമ്മിലുള്ള വാക്പോരിനിടെ തള്ളിക്കളഞ്ഞു.
ലോക്സഭയിലെ കോണ്ഗ്രസ് സഭാ കക്ഷി നേതാവ് അഥീർ രഞ്ജൻ ചൗധരിയാണ് പിഎസിയുടെ അധ്യക്ഷൻ. കോവിഡ്, പിഎം കെയേഴ്സ് ഫണ്ട് എന്നീവിഷയങ്ങളിൽ ജനഹിതമറിഞ്ഞ് പ്രവർത്തിക്കണമെന്നും സമവായമുണ്ടാക്കണമെന്നും അഥീർ രഞ്ജൻ ചൗധരി അഭ്യർഥിച്ചെങ്കിലും ബിജെപി അംഗങ്ങൾ അംഗീകരിച്ചില്ല.