പ്രിയങ്കഗാന്ധി ഈ മാസം അവസാനത്തോടെ ഡൽഹിയിലെ വസതി ഒഴിയും
Friday, July 10, 2020 12:38 AM IST
ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി ഈ മാസം അവസാനത്തോടെ ഡൽഹി ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിയും. വീടൊഴിയണമെന്നു കേന്ദ്ര നഗരവികസന മന്ത്രാലയം പ്രിയങ്കയ്ക്കു നിർദേശം നല്കിയിരുന്നു. പ്രിയങ്കയ്ക്ക് എസ്പിജി സുരക്ഷ പിൻവലിച്ച സാഹചര്യത്തിൽ സർക്കാർ വസതി അനുവദിക്കാൻ നിയമമില്ലെന്നാണ് അധികൃതർ പറയുന്നത്. ഡൽഹിയിലെ വസതിയിൽനിന്നു സാധനങ്ങൾ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ചില സാധനങ്ങൾ സോണിയഗാന്ധിയുടെ 10 ജൻപഥിലെ വീട്ടിൽ സൂക്ഷിക്കുമെന്നാണ് അറിയുന്നത്.
കോവിഡ് സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ ലക്നോവിലേക്കു താമസം മാറ്റാനാണു പ്രിയങ്കയുടെ തീരുമാനമെന്നറിയുന്നു. ഡൽഹിയിൽ താത്കാലിക താമസസൗകര്യത്തിനായി പ്രിയങ്കയും കുടുംബവും ശ്രമം തുടങ്ങിയിട്ടുണ്ട്. . ലക്നോവിൽ മുൻ കേന്ദ്രമന്ത്രി ഷീലാ കൗളിന്റെ വീടാണു പ്രിയങ്കയ്ക്കായി ഒരുക്കുന്നത്. വീടിന്റെ മോടി പിടിപ്പിക്കൽ നടന്നുവരികയാണ്. നെഹ്റുകുടുംബവുമായി ബന്ധമുള്ളയാളാണ് ഷീലാ കൗൾ. ലക്നോവിലേക്കു താമസം മാറ്റാൻ ഏതാനും മാസം മുന്പേ പ്രിയങ്ക തീരുമാനിച്ചിരുന്നതാണ്. കോവിഡ് മൂലമാണിത് വൈകിയത്. യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണു പ്രിയങ്ക.