തമിഴ്നാട് ലോക്ക് ഡൗൺ 30 വരെ നീട്ടി, പൊതുഗതാഗതത്തിന് ഉപാധികളോടെ അനുമതി
Sunday, May 31, 2020 11:49 PM IST
ചെന്നൈ: ജോലി സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ അനുവദിച്ചും ഉപാധികളോടെ ഇന്നുമുതൽ സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിച്ചും തമിഴ്നാട് ലോക്ക് ഡൗൺ കാലാവധി 30വരെ നീട്ടി. ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കാം. അൻപതു ശതമാനം പേരെ മാത്രമേ ഒരേ സമയം പ്രവേശിപ്പിക്കാവൂ.
കണ്ടെയ്ൻമെന്റ് പ്രദേശങ്ങളൊഴികയുള്ളിടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ ആളുകളെ ജോലി ചെയ്യാൻ അനുവദിക്കും. ഐടി സ്ഥാപനങ്ങളിൽ 20 ശതമാനം പേരും മറ്റു സ്ഥാപനങ്ങൾ 50 ശതമാനം പേരും ആവാം. അതേസമയം, ആരാധനാലയങ്ങൾക്കും മതചടങ്ങുകൾക്കുമുള്ള നിരോധനം തുടരുമെന്നു മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
സ്കൂളുകളും കോളജുകളും തുറക്കില്ല. ഓൺലൈൻ ക്ലാസുകൾ നടത്താം. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള ഇടങ്ങളിൽ പകുതി ബസുകൾക്കു സർവീസ് നടത്താം. ബസുകളിൽ അറുപതു ശതമാനം വരെ യാത്രക്കാരെ പ്രവേശിപ്പിക്കാം. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസുകൾ, മെട്രോ, സബർബൻ ട്രെയിനുകൾ എന്നിവ അനുവദിക്കില്ല. ജ്വല്ലറികളും ബ്യൂട്ടി ഷോപ്പുകളും തുറക്കാം. തിയറ്ററുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ചെന്നൈയിലും തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലും പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. സിനിമാ സോണുകൾക്കുള്ളിൽ യാത്രാ പാസ് വേണ്ട.
മറ്റു സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് പാസ് നിർബന്ധമാണ്. നീലഗിരി ജില്ലയിലും കൊടൈക്കനാൽ, ഏർക്കാട് ടൗണുകളിലും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലാണ് തമിഴ്നാടിന്റെ സ്ഥാനം. അതിനാൽത്തന്നെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ.
ഇന്നലെ മാത്രം സംസ്ഥാന ത്ത് 1149 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം രോഗികളുടെ എണ്ണം ആയിര കടക്കുന്നത്. ഇന്നലെ 13 പേര് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 173. ശനിയാഴ്ച 938 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
ഒറ്റ ദിവസം രോഗികളുടെ എണ്ണത്തില്‍ ഇരുന്നൂറിലേറെ വര്‍ധിച്ചു. സംസ്ഥാനത്ത് ആകെ രോഗികള്‍ 22,333. ചെന്നൈയില്‍ രോഗികള്‍ 14,802. ഇന്നലെ 804 പേര്‍ക്കാണു ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്.