കർണാടക സർക്കാരിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം; വിഷയം സുപ്രീംകോടതിയിൽ
Monday, March 30, 2020 11:50 PM IST
ന്യൂഡൽഹി: ലോക്ക് ഡൗണിന്റെ പേരിൽ കേരളത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ച കർണാടക സർക്കാരിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഇതുസംബന്ധിച്ച ഹർജിയുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി സുപ്രീംകോടതിയെ സമീപിച്ചു.
രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും തടയുകയാണെന്നും ഇതുമൂലം ഒരു രോഗി മരിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണിത്താൻ ഹർജി നൽകിയത്. കർണാടക അതിർത്തി അടച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്യണമെന്നും എംപി ആവശ്യപ്പെട്ടു.
കേരളാ അതിർത്തിയിൽ കർണാടകം അടച്ച റോഡുകൾ തുറക്കുന്നതിനായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അടക്കമുള്ളവർ ഇടപെട്ടിട്ടും റോഡ് തുറക്കാനോ റോഡിലിട്ട മണ്ണ് നീക്കംചെയ്യാനോ തയാറാകാത്ത സാഹചര്യത്തിലാണ് എംപി ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലേക്ക് അവശ്യസാധനങ്ങൾ പോലും കടത്തിവിടാത്ത സമീപനമാണ് കർണാടകം ചെയ്യുന്നതെന്നും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഒരു മറയാക്കുകയാണെന്നും ഹർജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയപാതയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നാഷണൽ ഹൈവേ അഥോറിറ്റിക്കാണെ ന്നിരിക്ക സംസ്ഥാന സർക്കാരിന്റെ നടപടി അധികാര ദുർവിനിയോഗമാണെ ന്നു ഹർജിയിൽ പറയുന്നു.