റെയിൽവെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കാൻ നീക്കം
Saturday, March 28, 2020 12:07 AM IST
ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ലോക്ക്ഡൗണിനെ തുടർന്ന് സർവീസ് നിർത്തിവച്ചിരുന്ന റെയിൽവേ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ റെയിൽവെ ബോർഡ് ചെയർമാൻ വി.കെ. യാദവുമായി ചർച്ച നടത്തി.
ഒരു കോച്ചിലെ ഒൻപത് ലോബികൾ (ആറ് ബെർത്തുള്ള ഒരു യൂണിറ്റാണ് ലോബി) ചേർത്ത് കണ്‍സൾട്ടിംഗ് റൂം, ഐസിയു എന്നിവ ഉൾപ്പെടെയുള്ളവ സജ്ജമാക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇവയോടൊപ്പം പാൻട്രി കാർ കൂടി ചേർത്താൽ ഭക്ഷണത്തിനുള്ള ക്രമീകരണവുമാകും. ഒരു കോച്ചിൽ ഒൻപത് രോഗികളെ കിടത്താനാകും. ഐസൊലേഷൻ വാർഡ് എന്നതു പോലെ ക്വാറന്റൈൻ കേന്ദ്രമാക്കാനാകുമെന്നും അവർ പറയുന്നു. റെയിൽവെ സ്റ്റേഷനുകളുള്ള ഗ്രാമങ്ങളിൽ ഇത്തരത്തിൽ സജ്ജമാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.