ട്രംപിനു കൈവീശുന്നത് മോദി വാഗ്ദാനം ചെയ്ത തൊഴിലെന്നു കോൺഗ്രസ് പരിഹാസം
Sunday, February 23, 2020 12:04 AM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് കൈവീശിക്കൊടുത്ത് 69 ലക്ഷം ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത തൊഴിൽ നൽകുകയാണെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം.
നാളെ ഗുജറാത്തിലെത്തുന്പോൾ 70 ലക്ഷം പേരെങ്കിലും വരവേൽക്കാനെത്തുമെന്ന് മോദി പറഞ്ഞതായുള്ള ട്രംപിന്റെ വീരവാദത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ മോദിക്കെതിരേ കോണ്‍ഗ്രസിന്റെ ബദൽ ആക്രമണം.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് മോട്ടേര സ്റ്റേഡിയം വരെയുള്ള റോഡിനിരുവശവും ജനങ്ങളെ അണിനിരത്താൻ ബിജെപിയും ഗുജറാത്ത് സർക്കാരും ശ്രമങ്ങൾ നടത്തുകയാണ്. ഒരു ലക്ഷം പേരെ മാത്രമാണു പ്രതീക്ഷിക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയവും ഗുജറാത്ത് സർക്കാരും പറഞ്ഞിരുന്നു.
മോദി വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലവസരങ്ങളിൽ 69 ലക്ഷം അവസരങ്ങളാണ് നാളെ ഗുജറാത്തിലെ ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ അപേക്ഷിക്കുക. വേഗം- ട്വിറ്റർ സന്ദേശത്തിൽ കോണ്‍ഗ്രസ് പരിഹസിച്ചു. ട്രംപിന് കൈവീശാൻ അപേക്ഷ നൽകൂ എന്ന പോസ്റ്ററും സന്ദേശത്തിൽ നൽകിയിട്ടുണ്ട്. ഡൊണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ സമിതി എന്നാണ് ജോലിക്ക് ആളെ തേടുന്നതായുള്ള പോസ്റ്ററിന്റെ മുഖവാചകം.
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ നോക്കി കൈവീശുക എന്നാണ് ജോലിയുടെ വിശദീകരണമായി നൽകിയിരിക്കുന്നത്. ഒഴിവുകൾ- 69 ലക്ഷം. പ്രതിഫലം- അച്ഛാ ദിൻ. തീയതി- ഫെബ്രുവരി 24, 2020. സമയം- ഉച്ചയ്ക്ക് 12 മുതൽ. വേദി- മോട്ടേര സ്റ്റേഡിയത്തിലെ ഇന്ത്യൻ റോഡ് ഷോ. കോണ്‍ഗ്രസിന്റെ പരിഹാസത്തിനെതിരേ ബിജെപിക്ക് കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നതും ശ്രദ്ധേയമായി.