ട്രംപിന്റെ റോഡ്ഷോയിൽ പങ്കെടുക്കുന്നത് 70 ലക്ഷമല്ല, രണ്ടു ലക്ഷത്തോളം പേർ
Friday, February 21, 2020 12:21 AM IST
അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഹമ്മദാബാദിൽ 24നു നടത്തുന്ന റോഡ്ഷോയിൽ രണ്ടുലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് ജില്ലാ ഭരണകൂടം. 70 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ട്രംപ് നേരത്തേ അവകാശപ്പെട്ടിരുന്നത്.
സ്റ്റേഡിയത്തിലും വിമാനത്താവളത്തിലുമായി 70 ലക്ഷം പേർ ഉണ്ടാകുമെന്നു മോദി പറഞ്ഞിരുന്നു. 70 ലക്ഷം പേർ പങ്കെടുക്കുന്നുണ്ടെങ്കിൽ ആശ്ചര്യകരമാണ്. നിങ്ങളെല്ലാം റോഡ് ഷോ ആസ്വദിക്കുമെന്നു കരുതുന്നുഎന്നാണ് ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തത്. അഹമ്മദാബാദിലെ ആകെ ജനസംഖ്യ 70 ലക്ഷമാണ്.
റോഡ് ഷോയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 22 കിലോമീറ്റർ ദൂരം ഒരു ലക്ഷം പേരിലധികം പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. ഇന്ത്യയുടെ സാംസ്കാരിക മഹിമ പ്രദർശിപ്പിക്കാനുള്ള വലിയ അവസരമാണിത്: അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ വിജയ് നെഹ്റ ട്വീറ്റ് ചെയ്തു.
റോഡ് ഷോ കടന്നുപോകുന്ന ഇടങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് മോദിയും ട്രംപും ആദ്യം സബർമതി ആശ്രമത്തിലാണ് എത്തുക. മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലി അർപ്പിച്ചശേഷം ഇന്ദിര ബ്രിഡ്ജിലൂടെ എസ്പി റിംഗ് റോഡ്വഴി മൊട്ടേറയിൽ പുതുതായി നിർമിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തും.
ഇവിടെ സംഘടിപ്പിക്കുന്ന നമസ്തേ ട്രംപ് പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാഷ്ട്രവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഒത്തുചേരുന്ന മുഹൂർത്തത്തിനാണ് അഹമ്മദാബാദ് സാക്ഷ്യംവഹിക്കുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ട്വീറ്റ് ചെയ്തു.